Pravasimalayaly

വിജയ് ബാബുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും; രാവിലെ 9 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്തണം

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 9 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് വിജയ് ബാബുവിന് നൽകിയ നിർദ്ദേശം. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്.  വിമാനമിറങ്ങിയതിന്  പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. ഒൻപതര മണിക്കൂറാണ് അന്വേഷണ സംഘം നടനെ ചോദ്യം ചെയ്തത്.

കോടതി ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിമാനത്താവളത്തിൽ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദർശനം നടത്തിയത്. തുടർന്നാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 

കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്ന് വിജയ് ബാബു പൊലീസിന് മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നലെ കാരണം. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.

എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. പാസ്‌പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിൻറെ ലക്ഷ്യമെന്നും കൊച്ചി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു.

Exit mobile version