തമിഴ് സിനിമാ താരവും പത്മശ്രീ ജേതാവുമായ
വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വിവേകിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തമിഴ് സിനിമകളിൽ ഹാസ്യതാരമായി പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള വിവേക് മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണയാണ് സ്വന്തമാക്കിയത്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാമി, ശിവാജി, അന്യൻ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഉൾപ്പടെ 200ലേറെ സിനിമകളിൽ അഭിനയിച്ചു. 2009ലാണ് വിവേകിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിയിൽ ജനിച്ച വിവേക് 1980 കളിലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്ത് ശോഭ തെളിയിക്കുകയായിരുന്നു. 1990കളിലായിരുന്നു വിവേകിന്റെ സുവർണകാലം. അക്കാലത്ത് നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി.
ബിഗൾ, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ. വെള്ളൈപൂക്കൾ എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ വേഷം അവതരിപ്പിച്ച് അഭിനയസാധ്യതയുടെ മറ്റൊരു മുഖവും വിവേക് പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കോവിഡ് വാക്‌സിൻ സ്വീകരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. എങ്കിലും വിവേകിന് ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്‌സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.