അഭിനേത്രി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദനയിലും നടുക്കത്തിലുമാണ് മലയാള സിനിമാ ലോകം. മരണത്തിൽ നിരവധി പേർ ആദരാഞ്ജലികൾ അർപിക്കുകയും കെപിഎസി ലളിതയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.
തന്റെ സഹപ്രവർത്തക മാത്രമായിരുന്നില്ല, അമ്മയും സ്നേഹിതയും ആയിരുന്നു കെപിഎസി ലളിത എന്ന് നവ്യ നായർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. നിങ്ങളെ ഭീകരമായി മിസ് ചെയ്യുമെന്നും കുറിപ്പിൽ നവ്യ പറഞ്ഞു.
“എന്റെ ലളിതാന്റി … എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. നിങ്ങളെ ഭീകരമായി മിസ് ചെയ്യും ആന്റി .. അത്രക്കും സ്നേഹിക്കും .. ഒരുത്തീയിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മൾ ഒരു നക്ഷത്രമാണ് ,ചിത്തിര ” ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..” നവ്യ കുറിച്ചു.
“എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..”
“മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..” നവ്യ കുറിച്ചു.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ അനുസ്മരിച്ചു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട പറയുന്നതായും മഞ്ജു കുറിച്ചു.
“അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്,”മഞ്ജു കുറിച്ചു.
“‘മോഹൻലാൽ’ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട…” മഞ്ജു കുറിച്ചു.
പൃഥ്വിരാജും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “റെസ്റ്റ് ഇൻ പീസ് ലളിതാ ആന്റി! നിങ്ങളുമായി സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു! എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ,” പൃഥ്വി കുറിച്ചു.
“ലളിത ചേച്ചി – മികവാർന്ന പ്രകടനങ്ങൾക്ക് നന്ദി ചേച്ചി… അവയിലൂടെ നിങ്ങൾ തലമുറകളോളം ജീവിക്കും. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” അഭിനേത്രിയും സംവിധായികയുമായ രേവതി കുറിച്ചു.