ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ നടിയെയും കണ്ടെത്തി. ഇവർക്ക് മെഡിക്കൽ പരിശോധന നടത്തും. 2018ൽ എംഡിഎംഎ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്.