നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. ഇരുവരേയും അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് എസ്പി സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ്, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകുന്നത്.
കേസിലെ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഉടന്‍ മാറ്റും. ഇന്നലെ ആലുവയിലെ ദിലീപിന്റെ വസതിയില്‍ നിന്നാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. പള്‍സര്‍ സുനിയും ദിലീപും ഗൂഢോലോചന നടത്തിയെന്ന് കണ്ടെത്തിയ കാറാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ ദിലീപിനെ ചോദ്യം ചെയ്തതില്‍ കാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലാണെന്നായിരുന്നു ദിലീപിന്റെ മറുപടി. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും 2016ല്‍ സഞ്ചരിച്ചതും ഇതേ കാറിലായിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ പ്രധാന തൊണ്ടിമുതലായ കാര്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. ദിലീപിന്റെ വീട്ടില്‍ നിന്നാണ് കാര്‍ പിടിച്ചെടുത്തത്. എന്നാല്‍ കാര്‍ ഓടിച്ചുകൊണ്ടു പോകാന്‍ കഴിയാത്ത നിലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ കാര്‍ കൊണ്ടുപോകുന്നതിന് സമാന്തര മാര്‍ഗങ്ങള്‍ തേടുകയാണ് അന്വേഷണ സംഘം.