Pravasimalayaly

നടിയെ ആക്രമിച്ച കേസ്; ജഡ്‌ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി


നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുകയും ചെയ്തു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷന്‍സ് കോടതിയിലേക്ക് മാറ്റി. മറ്റന്നാള്‍ കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. ഇത് സംബന്ധിച്ച വ്യക്തമായ അറിയിപ്പ് അഭിഭാഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്ന നടിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവിറക്കിയിട്ടുണ്ട്.

വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതല ഏല്‍പ്പിച്ചത്. എറണാകുളം സിബിഐ കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഹണിക്ക് നടിയെ ആക്രമിച്ച കേസിലെ വിചാരണ ചുമതല നല്‍കിയത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സിബിഐ കോടതിയിലെ വിചാരണ തുടരുകയായിരുന്നു. എറണാകുളം സിബിഐ കോടതിയില്‍ നിന്ന് കേസിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് .

Exit mobile version