ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം: ക്രൈം ബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍

0
270

കൊച്ചു: വധഗൂഢാലോചനക്കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതരുടെ മൊബൈല്‍ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്. ഇത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഫോണുകള്‍ നേരിട്ട് ഫോറന്‍സിക് ലാബിലേക്ക് അയക്കണമെന്നാണ് ആവശ്യം. അന്വേഷണച്ചുമതലയുള്ള എസ് പി മോഹനചന്ദ്രനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു ദിലീപിന്റെയും മറ്റ് കുറ്റാരോപിതരുടേയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന കാര്യത്തില്‍ മജിസ്ട്രേറ്റിന് തീരുമാനം എടുക്കും. നാളെ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഫോണ്‍ പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

ക്രമനമ്പര്‍ രണ്ടു മുതല്‍ ഏഴു വരെയുള്ള ഫോണുകളാണ് നിലവില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. ഈ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ജിസ്ട്രാര്‍ ജനറലിന്റെ ഓഫിസില്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റിനു കൈമാറാന്‍ കോടതി ഇന്നലെ ഉത്തരവിട്ടത്. അതേസമയം, പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഏതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2021 ഓഗസ്റ്റ് 31 വരെ ദിലീപ് ഉപയോഗിച്ച ഫോണാണ് കൈമാറാത്തത്. ഈ ഫോണിനെ പറ്റി തനിക്കൊന്നും അറിയില്ല എന്നാണ് ദിലീപ് അവകാശപ്പെടുന്നത്. എന്നാല്‍ 12,100 കോളുകള്‍ വിളിച്ച ഒരു ഫോണിനെപ്പറ്റി അറിയില്ലെന്ന് പറയുന്നതെങ്ങനെയെന്ന് ഡിജിപി ചോദിച്ചു.

നിങ്ങള്‍ അന്വേഷണവുമായി സഹകരിച്ചോയെന്നാണ് നോക്കുന്നതെന്നു ഒരു ഘട്ടത്തില്‍ കോടതി പ്രതിഭാഗത്തോട് പറഞ്ഞിരുന്നു. ദിലീപിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് നാളെ മറ്റു പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിനെ മറയാക്കി പ്രതികൾ പല തെളിവുകളും ഇല്ലാതാക്കിയെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Leave a Reply