കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണ കോടതി മുൻപാകെ ഹാജരാകും. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലാണ് ഹാജരാകേണ്ടത്. കോടതി രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ബൈജു പൗലോസിന് എതിരെയുള്ള പരാതി. കേസിലെ തുടരന്വേഷണം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു.
അതേസമയം, വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണ്‍വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന സായ് ശങ്കറിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം ഇന്ന് സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.
ദിലീപിന്റെ ഫോണുകളിലെ നിർണായക വിവരങ്ങൾ സായ് ശങ്കറാണ് നശിപ്പിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ അഭിഭാഷകർ പറഞ്ഞതനുസരിച്ചാണ് വിവരങ്ങൾ നശിപ്പിച്ചതെന്നാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. തന്റടുത്ത് നിന്ന് ചില ഡിജിറ്റൽ രേഖകൾ അഭിഭാഷകർ വാങ്ങിവെച്ചതായി ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.