നടിയെ ആക്രമിച്ച കേസ്: ഫോണ്‍ ഹാജരാക്കാന്‍ ദിലീപുള്‍പ്പടെയുള്ളവര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്, ഉച്ചവരെ സമയം

0
258

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള കുറ്റാരോപിതര്‍ മൊബൈല്‍ ഫോണുകള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഫോണ്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), അപ്പു എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

ഗൂഡാലോചന കേസിനു പിന്നാലെ ദിലീപ് ഉൾപ്പെടെ നാല് കുറ്റാരോപിതർ ഫോൺ മാറ്റിയെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോണാണെന്നും പഴയതു ഹാജരാക്കാൻ ആവശ്യപ്പെട്ടു ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയെന്നുമാണ് വിവരം.

ഇന്നലെയാണ് കേസില്‍ മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. 33 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം. അതിനുശേഷമായിരിക്കും ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. അതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു.

ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബി.ആര്‍.ബൈജു, ആര്‍.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു കോടതിയുടെ മുന്നിലുള്ളത്. ഇതില്‍ ശരത് ഒഴികെയുള്ളവരെയാണു ഗൂഡാലോചന കേസില്‍ ചോദ്യം ചെയ്തത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, കേസില്‍ വിചാരണയ്ക്കു കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.

Leave a Reply