Pravasimalayaly

തെളിവുകള്‍ അപര്യാപ്തം; ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. പ്രോസിക്യൂഷന്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന തെളിവുകള്‍ വച്ച് കുറ്റം നിലനില്‍ക്കില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കുറ്റാരോപിതര്‍ ഫോണുകള്‍ ഹാജരാക്കിയില്ലെന്ന വാദം നിസഹരണമായി കണക്കാക്കാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കര്‍ശന ഉപാധികളോടയാണ് ദിലീപടക്കമുള്ള കുറ്റാരോപിതര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം. അന്വേഷണത്തില്‍ ഇടപെടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. കുറ്റാരോപിതര്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം. എല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് തേടി പ്രോസിക്യൂഷനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവില്‍ പറഞ്ഞു.

കോടതി നടപടികള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും കോടതി പ്രതികരിച്ചു. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതിയെ ചോദ്യം ചെയ്യരുത്. നീതിന്യായ വ്യവസ്ഥയില്‍ ധാരണയില്ലാതെയാണ് വിമര്‍ശനങ്ങളെന്നും കോടതി വ്യക്തമാക്കി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, ബന്ധുവായ അപ്പു എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

Exit mobile version