Pravasimalayaly

‘ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ ബന്ധമുണ്ട്’; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത, ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൻറെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്  അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ജസ്റ്റിസ് സിയാദ് റഹ്‌മാൻ ആണ് ഹർജി പരിഗണിക്കുക.

ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വരുന്നത്. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന്  കേസ് പ്രത്യേക  കോടതിയിലേക്ക്  മാറ്റിയത്.

എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നിന്ന് നടിയുടെ  ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്  നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.

Exit mobile version