Saturday, November 23, 2024
HomeNewsKeralaനടിയെആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും, കാവ്യാ മാധവനെ ചോദ്യം...

നടിയെആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും, കാവ്യാ മാധവനെ ചോദ്യം ചെയ്യാതെ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അടുത്തയാഴ്ച ഹർജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അറിയിക്കും. ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവർ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ട് ഹാജരായില്ലെന്നും ഇത്തരത്തിൽ കാലതാമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്നുമാവും അറിയിക്കുക.

നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് വഴി തുടരന്വേഷണത്തിന്റെ സമയം നീട്ടി വാങ്ങി പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിന് മുന്നോടിയായിട്ടാണ് ദിലീപിന്റ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഹർജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും ആലുവയിലെ വീട്ടിൽ വെച്ച് മൊഴിയെടുക്കണമെന്നുമുളള നിലപാടിലായിരുന്നു കാവ്യ. ചെന്നൈയിലായിരുന്ന കാവ്യ ആലുവയിൽ എത്തിയെങ്കിലും ചോദ്യം ചെയ്യാനായിട്ടില്ല.

ദിലീപിന്‍റെയും കാവ്യയുടെയും പദ്മസരോവരം വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം ഒടുവിൽ തീരുമാനത്തിലെത്തിയിട്ടുള്ളത്. പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് വിലയിരുത്തൽ. സംവിധായകൻ ബാലചന്ദ്രകുമാറിനേയും കാവ്യയേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പദ്മസരോവരം വീട്ടിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാറും അറിയിച്ചു.

ഇതേത്തുടർന്നാണ് മറ്റ് സാധ്യതകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. വരും ദിവസങ്ങളിൽത്തന്നെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ദിലീപിന്‍റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്നാണ് ഇരുവരും അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി നോട്ടീസ് പതിപ്പിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments