നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ശബ്ദം തിരിച്ചറിഞ്ഞെന്ന് തിരക്കഥാകൃത്ത് വ്യാസൻ എടവനക്കാട്. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങളിൽ നിന്ന് ദിലീപിൻ്റെ ശബ്ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനൊപ്പം മറ്റ് ചിലരുടെ ശബ്ദങ്ങൾ കൂടി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ദിലീപ് അടക്കമുള്ളവരെ തനിക്ക് അറിയാമായിരുന്നു എന്ന് വ്യാസൻ പറഞ്ഞു. വർഷങ്ങളായി ഇവരുമായി ബന്ധമുണ്ട്. നെയ്യാറ്റിൻകര ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിലീപിൻ്റെ മൊഴിക്ക് വിരുദ്ധമാണ് വ്യാസൻ നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു എന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് അടക്കം അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. പ്രതികളെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ. ശാസ്ത്രീയ തെളിവുകൾ അനുസരിച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നൽകി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.