അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ 10.15 ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹർജികളാണ് പരിഗണിക്കുന്നത്.
കേവലം വാക്ക് കൊണ്ടുള്ള പ്രകടനങ്ങൾ ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിർണായക വിവരങ്ങൾ ഇത് സംബന്ധിച്ച് വെളിപ്പെടുത്താനുണ്ടെന്നും തുറന്നകോടതിയിൽ മുഴുവൻ വിവരങ്ങളും നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേൾക്കേണ്ടതിനാൽ ഓൺലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.