ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാൻ അനുമതി

0
295

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ്  നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെ ദിലീപിനെയും മറ്റു പ്രതികളെയും അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ തീര്‍പ്പാക്കുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. 

ദിലീപിനെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ചോദ്യം ചെയ്യലിനായി ഏത് ഉപാധിയും അംഗീകരിക്കാന്‍ സന്നദ്ധമാണെന്ന് ദിലീപ് അറിയിച്ചു.

വിചാരണ കോടതിയില്‍ സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ പറഞ്ഞു. 

സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാല്‍ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാല്‍ വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി എ ഷാജിയാണ് എതിര്‍വാദം നടത്തുന്നത്.

Leave a Reply