Pravasimalayaly

ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം നടന്നു; 2 തവണ പൊട്ടിക്കരഞ്ഞ് പ്രതി, മാപ്പുസാക്ഷിയാക്കിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യപ്രതി ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കഴിഞ്ഞ രണ്ടു ദിവസം ചോദ്യംചെയ്തത്. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ രണ്ടു ദിവസമായി 22 മണിക്കൂര്‍ ആണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തനിക്ക് ഇതില്‍ പങ്കാളിത്തമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിനിടയില്‍ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലായ ഇയാള്‍ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന. ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നാണ് സൂചന. ഇയാളെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാല്‍ മാത്രം മജിസ്ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് സൂചന. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Exit mobile version