നടിയെ ആക്രമിച്ച സംഭവം; ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളിലേക്ക്,ലണ്ടനിലുള്ള ആലുവ സ്വദേശിയും, സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയും സംശയ നിഴലില്‍

0
289

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ വിദേശത്തുള്ള സുഹൃത്തുക്കളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണത്തിന്റെ ഭാഗമായി യു.കെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നിരുന്നത്.

സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് പൊലീസിന്റെ സംശയം. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ ദിലീപുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ലണ്ടനില്‍ നിന്ന് ആലുവ സ്വദേശിയായ ശരീഫ് എന്നയാള്‍ തന്നെ വിളിച്ചെന്നും പീഡന ദൃശ്യങ്ങള്‍ നാലുപേരുടെ കൈയ്യിലുണ്ടെന്ന് പറഞ്ഞതായും ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്ത് ലണ്ടനിലേക്ക് കടത്തിയതെന്നും ശരീഫ് പറഞ്ഞതായാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിന് ഉടന്‍ മറുപടി നല്‍കും.

കേസിലെ അഭിഭാഷകന് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് അഭിഭാഷകന്റെ കൈയില്‍ ശാസ്ത്രീയ പരിശോധനക്ക് നല്‍കിയതെന്നും ദിലീപ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ല. അന്ന് വീട്ടില്‍ വെച്ച് നടന്ന സംസാരം വൈകാരികമായ സംസാരം മാത്രമാണ്. അതിന് പിന്നില്‍ ഗൂഢലക്ഷ്യമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

Leave a Reply