Pravasimalayaly

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണയ്ക്ക് ഒരുമാസം അനുവദിച്ചത് നീതികരിക്കാനാകാത്തതാണെന്നും ദിലീപ് ഹരജിയില്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സമയം നീട്ടി നല്‍കിയത്. തുടരന്വേഷണം റദ്ദാക്കണം. വിചാരണ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് പറഞ്ഞു.ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അതേ ബെഞ്ചില്‍ തന്നെ പുതിയ ഹരജിയുമായി ദിലീപ് എത്തിയത്.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.

എന്നാല്‍ കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതിനാല്‍ തന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റേയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കമായതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയില്‍വെച്ച് ഫോണ്‍ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.

Exit mobile version