Pravasimalayaly

നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ കോടതി നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ വിചാരണക്കോടതി പൊലീസിന് നിർദേശം നൽകി. ഈ മാസം 20നകം കോടതിക്ക് റിപ്പോർട്ട് നൽകണം.

ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ 20ന് പരിഗണിക്കാനായി കോടതി മാറ്റി. കേസുമായി ബന്ധെപ്പെട്ട് പുതിയ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ തുടരന്വേഷണം ആരംഭിച്ചതായി കോടതിയിൽ റിപ്പോർട്ട് നൽകിയത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തുടരന്വേഷണം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചതിനും പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

കുറ്റപത്രം നൽകിയ കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താനും ആവശ്യമെങ്കിൽ പ്രതി ചേർക്കാനും കോടതിക്ക് അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് പ്രോസിക്യൂഷന്റെ നടപടി.

വിചാരണക്കോടതി ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ ഹർജി കോടതി മറ്റന്നാൾ പരിഗണിക്കും.

Exit mobile version