Pravasimalayaly

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ നിയമവിരുദ്ധമായി തുറന്നു, അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ദിലീപിനെതിരെ ചലച്ചിത്ര സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 1 വരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കാതെ മൂന്നുമാസം കൂടി തുടരന്വേഷണത്തിന് വേണമെന്നാണ് ആവശ്യപ്പെട്ടത്. കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മാസം 10ന് തുടരന്വേഷത്തിന്റെ റിപ്പോര്‍ട്ട് കൈമാറാന്‍ കോടതി വീണ്ടും ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കുന്നതിനെ എതിര്‍ത്ത് ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കും.

Exit mobile version