നടിയെ ആക്രമിച്ച കേസ്; ഗള്‍ഫിലുള്ള നടിയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം; കാവ്യാ മാധാവന്റെ വീട്ടിലെത്തി മൊഴിയെടുക്കും

0
40

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ നടി ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

​ഗൾഫിലുള്ള ഈ നടിയോട് ഉടൻ തന്നെ കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചു. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവർ. ഇവർക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്. 

ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും അന്വേഷണ സംഘം അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും. പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ കഴിഞ്ഞ ദിവസം ശേഖരിച്ചു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.

Leave a Reply