നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

0
439

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. കോടതി ജീവനക്കാര്‍ വഴിയാണോ വിവരങ്ങള്‍ ചോര്‍ന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്. ഈ മാസം 12നാണ് കേസ് പരിഗണിക്കുക.

അതേസമയം ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യല്‍ അനുവദിക്കാന്‍ ദിലീപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണമെന്നും വിചാരണ കോടതി ഉത്തരവിടുകയുണ്ടായി. മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം

Leave a Reply