കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന് വിചാരണക്കോടതിയോട് കൂടുതല്‍ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷന്‍. ഏപ്രില്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നുമാസം സമയം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നിഗൂഢതകള്‍ തെളിഞ്ഞുവരുന്നത് ചൂണ്ടിക്കാട്ടിയാവും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുക.
പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നോട്ടീസ് നല്‍കിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.
പ്രതികളില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികള്‍ സാക്ഷിക്കെതിരെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയില്‍ ചൂണ്ടിക്കാട്ടും. സി.ആര്‍.പി.സി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവന്‍ ഉപാധി വെച്ചതും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ചോദിക്കാനാണ് തീരുമാനം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യാനായിട്ടില്ല. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനുള്ള സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് തടസ്സമുള്ളതായി അന്വേഷണസംഘം പറയുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റല്‍, ഫൊറന്‍സിക് തെളിവുകള്‍ കാണിച്ചുവേണം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാന്‍. ചോദ്യംചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തണം.
ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കേസില്‍ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനാവില്ലെന്ന് ക്രെംബ്രാഞ്ച് നിലപാടെടുക്കുകയായിരുന്നു. സാക്ഷിയായ കാവ്യ ആവശ്യപ്പെട്ട പ്രകാരം ബുധനാഴ്ച രണ്ടുമണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.