കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും. മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചു കളയണമെന്ന് അഭിഭാഷകര്‍ നിര്‍ദേശിച്ചുവെന്ന് കരുതുന്ന 10 ഡിജിറ്റല്‍ ഫയലുകള്‍ സായ്ശങ്കര്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
സൈബര്‍ ഫൊറന്‍സിക് വിഭാഗം ശ്രമിച്ചിട്ടും വീണ്ടെടുക്കാന്‍ കഴിയാതിരുന്ന ഫയലുകളാണ്, അവ മായ്ച്ചു കളഞ്ഞ സായ്ശങ്കര്‍ തന്നെ വീണ്ടെടുത്തത് നല്‍കിയത്. അന്വേഷണ സംഘവുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നടന്‍ ദിലീപിന്റെ ചാറ്റ് വീണ്ടെടുത്ത ഫയലുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. ചാറ്റുകളിലൊന്ന് ദിലീപും ഫൊറന്‍സിക് ഉദ്യോഗസ്ഥയും തമ്മിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദേശ നമ്പറുകളുമായുള്ള നടന്‍ ദിലീപിന്റെ ചാറ്റുകളാണ് വീണ്ടെടുത്തതിലേറെയും. നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന. ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായില്‍ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി, വിദേശത്തുള്ള പ്രമുഖ മലയാള നടി, കാവ്യാ മാധവന്‍, സഹോദരി ഭര്‍ത്താവ് സുരാജ് തുടങ്ങിയവ വീണ്ടെടുത്തവയിലുണ്ടെന്നാണ് സൂചന.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ എങ്ങനെയുള്ള മൊഴികള്‍ നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞു കൊടുക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇതില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പറ്റിയും പരാമര്‍ശമുണ്ട്.