Pravasimalayaly

നടിയെ ആക്രമിച്ച കേസ്: രേഖകൾ എങ്ങിനെ മാധ്യമങ്ങൾക്ക് ലഭിച്ചു,പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസില്‍ ദിലിപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച്, തെളിവുകള്‍ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിനാല്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ മുദ്രവെച്ച കവറില്‍ വിചാരണക്കോടതിക്ക് കൈമാറി. ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ് മൂലം അന്ന് ഫയല്‍ ചെയ്യണം.

ഇതിനിടെ, ദിലീപിന്‍റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്‍റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതിനിടെ, ക്രൈബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് യോഗത്തിന് ശേഷം ക്രൈബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറഞ്ഞു.

Exit mobile version