നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസിലെ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറിയിരുന്നു. ഇതിന് ദിലീപ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ച, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്.
കോടതി രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നെന്ന് ആരോപിച്ചു ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. സംഭവത്തില്‍ ഡിവൈഎസ്പി ബൈജു പൗലോസും എഡിജിപിയും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതില്‍ ഇന്ന് തുടര്‍നടപടികള്‍ ഉണ്ടായേക്കും.
കോടതിയിലെ രഹസ്യരേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്ന ആവശ്യവുമായി അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ എത്തുന്നുണ്ട്.