കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കാനാണ് ശ്രമം. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണ് ബന്ധമെന്നും പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നും കോടതി ചോദിച്ചു.
സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി ഉണ്ടാക്കാനാണ് ഇതെന്നു സംശയിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ഈ കേസുമായി എന്തു ബന്ധമെന്ന് കോടതി ആരാഞ്ഞു. കേസിനെ അത് എങ്ങനെയാണ് സഹായിക്കുകയെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.