കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കും. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ പറഞ്ഞിരുന്നു.
ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സുനി പറഞ്ഞതായി അമ്മ ശോഭന ആരോപിച്ചിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.
മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി ശോഭന പറഞ്ഞു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ വെളിപ്പെടുത്തിയിരുന്നു.
ഈ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തുന്നതിനായി പൊലീസ് സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനമെടുത്തത്.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സിജെഎം കോടതിയെ സമീപിച്ചിരുന്നു. സിജെഎം കോടതി രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍, പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടായേക്കും.