Pravasimalayaly

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ അവശ്യം.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ കൈവശമുള്ള കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കുറ്റാരോപിതന്‍ ദിലീപിന്റെ ഹര്‍ജിയും കോടതി പരിഗണിക്കും. ജയിലില്‍ കഴിയുന്ന സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കേസിലെ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള തീയതിയും ഇന്ന് തീരുമാനിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഡ്വ. കെ. ബി. സുനില്‍കുമാറായിരിക്കും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരാവുക. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വച്ച പശ്ചാത്തലത്തിലാണ് അഭിഭാഷ ടീമിലുള്ള സുനില്‍കുമാറിന് ചുമതല നല്‍കിയിരിക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഉള്‍പ്പെട്ട ആറ് പേരെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം ഇന്നലെ അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് ആറാം പ്രതിയെന്നും പൊലീസ് പറയുന്നു. ദിലീപടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

Exit mobile version