Pravasimalayaly

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്.

എറണാകുളം സിജെഎം കോടതി ചുമതലപെടുത്തിയതു പ്രകാരമാണ് ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നത്. ബാലചന്ദ്കുമാറിനോട് ഉച്ചയോടെ കോടതിയിൽ ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്.

നേരത്തെ പുതിയ വെളിപ്പെടുത്തലുകളിൽ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. കേസിൽ പുനരന്വേഷണം നടത്തുന്നത് പൊലീസിന് രഹസ്യമൊഴി നിർണായകമാണ്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസ് വെള്ളിയാഴ്ച കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് പി ഗോപിനാഥ്, അതുവരെ ഒന്നും സംഭവിക്കാനില്ലെന്നും വാക്കാൽ പരാമർശിച്ചു. കേസിൽ കോടതി പൊലീസ് റിപ്പോർട്ട് തേടി.

Exit mobile version