കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നതായുളള സൂചനകള്‍ പുറത്ത് വരുന്നു. കേസിലെ സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ ശ്രമിച്ചതായുളള വിവരം പോലീസിന് ലഭിച്ചിരിക്കുകയാണ്.കേസിലെ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി മാറ്റാനുളള ശ്രമം നടക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുളള ശ്രമം നടക്കുന്നതായി നേരത്തെ പ്രോസിക്യൂഷനടക്കം ആരോപിച്ചിരുന്നു.ജയിലില്‍ വെച്ച് ദിലീപിന് കത്തെഴുതാന്‍ കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ച വ്യക്തിയാണ് വിപിന്‍ ലാല്‍. നിലവില്‍ കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് ബേക്കല്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് അട്ടിമറി ശ്രമങ്ങള്‍ മറനീക്കി പുറത്ത് വരുന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാനായി ഫോണിലൂടെയും നേരിട്ടും ശ്രമിക്കുന്നു എന്നാണ് വിപിന്‍ ലാല്‍ പരാതിപ്പെട്ടത്.മൊഴി മാറ്റാനുളള സമ്മര്‍ദ്ദം ശക്തമായതോടെ വിപിന്‍ ലാല്‍ ചങ്ങനാശേരിയിലുളള സ്വന്തം വീട്ടില്‍ നിന്നും കാസര്‍കോടുളള ബന്ധു വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ ജനുവരി 23ന് ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ കാഞ്ഞങ്ങാട് എത്തി. വിപിനെ നേരിട്ട് കാണാന്‍ പ്രദീപ് കുമാറിന് സാധിച്ചിരുന്നില്ല.തുടര്‍ന്ന് വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പ്രദീപ് കുമാര്‍ ചെന്നു. വിപിനോട് മൊഴി മാറ്റാന്‍ ആവശ്യപ്പെടണം എന്ന് അമ്മാവനോട് ആവശ്യപ്പെട്ടു. അമ്മാവന്റെ ഫോണില്‍ നിന്ന് വിപില്‍ ലാലിന്റെ അമ്മയെ വിളിക്കുകയും മൊഴി മാറ്റാന്‍ പറയണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി. മൊഴി മാറ്റിയാല്‍ എന്ത് സഹായവും ചെയ്യാം എന്നായിരുന്നു പറഞ്ഞത്.ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് ആണെന്ന് പോലീസിന് മനസ്സിലായിരിക്കുന്നത്. ഇയാള്‍ താമസിച്ച ഹോട്ടലില്‍ നല്‍കിയ വിവരങ്ങളും ആളെ തിരിച്ചറിയാനുളള തെളിവായി. പത്തനാപുരത്ത് നിന്നും പ്രദീപ് കുമാര്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ജനുവരി 28നാണ് പത്താപുരത്ത് നിന്ന് പ്രദീപ് കുമാര്‍ വിപിന്‍ ലാലിനെ വിളിച്ചത്. വിപിന്‍ ലാലിനെ വിളിക്കാന്‍ വേണ്ടി മാത്രമായി പുതിയ സിം കാര്‍ഡ് പ്രദീപ് എടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സിം ഉപയോഗിച്ച് വിപിന്‍ ലാലിനെ മാത്രമാണ് പ്രദീപ് കുമാര്‍ വിളിച്ചിട്ടുളളത്. തമിഴ്‌നാട്ടില്‍ നിന്നാണ് സിം സംഘടിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തി.കാസര്‍കോട് നിന്നും തിരിച്ച് എത്തിയ ശേഷം രണ്ട് പ്രമുഖരെ ഫോണില്‍ നിന്നും പ്രദീപ് കുമാര്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന തന്നെ അണിയറയില്‍ നടക്കുന്നതായി വ്യക്തമാവുകയാണ്. ദിലീപ് വളരെ സ്വാധീനവും എന്തിനും മടിക്കാത്തതുമായ ആളാണെന്ന് വിപിന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.