ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ. കെ.എം.എസ്.സി.എൽ എംഡി സ്ഥാനത്ത് നിന്നും ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. പകരം ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു.
2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
അപകടം നടക്കുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ശ്രീറാം നല്‍കിയ വിശദീകരണം. തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തിരിന്നു.