ന്യൂഡല്‍ഹി: ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മാപ്പപേക്ഷ.
‘നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. അതൊരു നാക്ക് പിഴയായിരുന്നുവെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ മാപ്പ് അപേക്ഷ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു’ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിക്കെഴുതിയ കത്തില്‍ പറയുന്നു.
രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്. ഈ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം ആളിക്കത്തി. അധിര്‍ രഞ്ജന്‍ ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തനിക്ക് നാക്ക് പിഴ സംഭവിച്ചതാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രപതിയെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നാക്ക് പിഴയായി കാണാന്‍ സാധിക്കില്ലെന്നുമാണ് ബിജെപി പറഞ്ഞത്.