തുടർഭരണം വേണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

0
38

നിപ മുതല്‍ കോവിഡ് വരെയുള്ള ദുരിതകാലത്ത് സാധാരണക്കാരന് കരുതലായി നിന്ന ഇന്നത്തെ സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകട്ടെയെന്ന് വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘നവകേരള നിര്‍മ്മിതിക്ക് സാംസ്‌കാരിക ലോകം ഒപ്പം’ എന്ന സന്ദേശമേകി ധര്‍മടത്ത് ഏപ്രില്‍ 3ന് സ്വരലയ സംഘടിപ്പിക്കുന്ന ‘വിജയം’ എന്ന പരിപാടിയുടെ ലോഗോയും മുദ്രാ ഗാനവും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരുടെ പൊതുകാര്യങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ ദൂരെ നിന്നാണ് കണ്ടിട്ടുള്ളതെങ്കിലും കെ.എആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കലയിലെ കലാകേന്ദ്രം തുടങ്ങിയ പൊതുകാര്യങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടപഴകേണ്ടി വന്നപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ സ്‌നേഹവും ആദരവും തോന്നി. സാധാരണക്കാരന്റെ ദൈനംദിനപ്രശ്‌നങ്ങളില്‍ ഇടപെട്ട് മാതൃകാപരമായ ഭരണം കാഴ്ചവെച്ച ഈ സര്‍ക്കാര്‍ തുടരണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയെയും ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കേസരി സ്മാരക ജേര്‍ണലിസ്റ്റ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥിയായിരുന്നു. സ്വരലയ ചീഫ് കോര്‍ഡിനേറ്റര്‍ ആര്‍.എസ്.ബാബു, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തയ്യാറാക്കിയതാണ് മുദ്രാഗാനം

Leave a Reply