Pravasimalayaly

പ്രാർഥനകൾ വേണം ഈ സ്‌ഥാനാർഥിയ്ക്കും മകനുമൊപ്പം

തിരുവനന്തപുരം

പ്രചരണത്തിരക്കിലും മകന്റെ ചികിത്സയ്ക്കായി ഓടിയെത്തിയിരിക്കുകയാണ് അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്‍. ഒമ്പതു വയസുകാരന്‍ മകന്‍ ശിവകിരണിനെയും നെഞ്ചിലേറ്റിയായിരുന്നു കണ്ണന്‍ തിരുവനന്തപുരം ആര്‍സിസിയിലേയ്ക്ക് എത്തിയത്.

കഴിഞ്ഞ മൂന്നരവര്‍ഷമായി ശിവകിരണ്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. ആദ്യ രണ്ടുവര്‍ഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ശിവകിരണിന്റെ ചികിത്സ നടത്തിയത്. പുരോഗതി ഉണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന കുറയ്ക്കുകയായിരുന്നു. പ്രചാരണപരിപാടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ കണ്ണന്‍ തിരക്കിന് നടുവിലായിരുന്നു. അതിനിടെയാണ് മകന് അസുഖം കൂടിയത്.

ശേഷം, വ്യാഴാഴ്ച രാവിലെ എല്ലാപരിപാടികളും മാറ്റിവെച്ച് മകനെയുമെടുത്ത് ഇദ്ദേഹവും ഭാര്യ സജിതാമോളും തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. പ്രചാരണപരിപാടികള്‍ പാര്‍ട്ടിപ്രവര്‍ത്തകരെ ഏല്‍പ്പിച്ചായിരുന്നു യാത്ര നടത്തിയത്. ആശുപത്രിയിലെ കാത്തിരിപ്പിനിടയിലും സ്ഥാനാര്‍ത്ഥിയെത്തേടി ഫോണ്‍ വിളികളെത്തി. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെ അദ്ദേഹം പ്രചരണ പരിപാടികളില്‍ സജീവമാകുകയും ചെയ്തു.

Exit mobile version