അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം:ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിലപാട് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

0
28

സ്വന്തം ലേഖകന്‍തിരുവനന്തപുരം: ഹൈക്കോടതിക്കു മുന്നില്‍ 2016ല്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിലപാട് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി പരിസരത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് എടുത്തിട്ടുള്ള ക്രിമിനല്‍ കേസുകള്‍ കോടതി പരിഗണനയില്‍ ആയതിനാല്‍ പ്രത്യേകിച്ച് നിലപാട് എടുക്കേണ്ടതില്ലെന്നാണ് തീരുമാനം.ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പിലാക്കും. ഇതിനായി ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായും ആഭ്യന്തരവകുപ്പിന്റെ നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണ കമ്മിഷന്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചു കൊണ്ട് 1952ലെ കമ്മിഷന്‍സ് ഓഫ് എന്‍ക്വയറി ആക്ടിന് അനുസൃതമായി സമഗ്രമായ പുതിയ ചട്ടം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2016 ജൂലൈ 20നാണ് ഹൈക്കോടതിക്കു മുന്‍പില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2016ല്‍ നവംബര്‍ എട്ടിനാണ് ജസ്റ്റിസ് (റിട്ട.) പി.എ മുഹമ്മദ് കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചത്.2020 ജൂണ്‍ 30ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ മാസം ഒന്‍പതിനാണ് റിപ്പോര്‍ട്ടിന്മേല്‍ തീരുമാനങ്ങള്‍ എടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Leave a Reply