Pravasimalayaly

സിഖുകാരും ഹിന്ദുക്കളുമായ 20000 അഫ്ഗാനികൾക്ക് കാനഡ അഭയം നൽകും

ടൊറന്റൊ:

താലിബാന്‍ അഫ്ഗാന്‍ കീഴടക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന ഹിന്ദു, സിഖ് വംശജര്‍ക്ക് ആശ്വാസമായി കാനഡ. അഫ്ഗാനിസ്ഥാനില്‍ നിന്നു പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് കാനഡയില്‍ അഭയം നല്‍കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ഇന്നലെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് കാനഡ ഈ ഉറപ്പു നല്‍കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനത്തിലാണെന്ന് കാനഡ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍മാര്‍ക്കൊ മെന്‍ഡിസി നിയൊ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആല്‍ബര്‍ട്ടായിലുള്ള മാന്‍മീറ്റ് സിംഗ് ബുള്ളര്‍ ഫൗണ്ടേഷനുമായി അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കുടുംബങ്ങളെ കാനഡയില്‍ എത്തിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

1990 ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങളെയാണ് കാനഡയില്‍ എത്തിച്ചു അഭയം നല്‍കിയത്. കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹര്‍ജിത് സാജന്‍ അഭയാര്‍ഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണവും നല്‍കുമെന്ന് പ്രഖ്യാപിച്ചു.
2014 ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ കാനഡയില്‍ അപകടത്തില്‍ മരിച്ച ആല്‍ബര്‍ട്ടാ മന്ത്രി മന്‍മീറ്റ് സിംഗ് ബുള്ളറിന്റെ പേരില്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ ഇന്ത്യന്‍ കനേഡിയന്‍ സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Exit mobile version