Pravasimalayaly

സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയിലേക്ക് വനിതാ സ്ഥാനാര്‍ത്ഥി 42 വര്‍ഷത്തിന് ശേഷം

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നിയോഗമെന്ന് അഡ്വ ജെബി മേത്തര്‍. കോണ്‍ഗ്രസ് എന്നും വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ്. എം ലിജു കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാവാണ്. ഭരണഘടന സംരക്ഷിക്കാനുള്ള നിയോഗമാണ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കുമെന്നും ജെബി മേത്തര്‍ പറഞ്ഞു. 

പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. പാര്‍ട്ടി വേണ്ട എന്നു പറയുമ്പോള്‍ വേണ്ടെന്നു വെക്കാനും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ബാധ്യസ്ഥയാണ്. ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നതിനാല്‍ മഹിളാ കോണ്‍ഗ്രസിന് ലഭിക്കണമെന്ന് പാര്‍ട്ടിയില്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ല. എന്നാല്‍ മഹിളാ കോണ്‍ഗ്രസിന് കിട്ടിയാല്‍ കൊള്ളാമെന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്നു.

തന്നെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു. മുമ്പ് ആലുവ നഗരസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞപ്പോള്‍ മത്സരിച്ചു. ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. തനിക്കൊപ്പം പരിഗണിച്ചവരെല്ലാം കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ട വലിയ ഉത്തരവാദിത്തങ്ങൾ പാര്‍ട്ടി നല്‍കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായും ആലോചിച്ചു തീരുമാനിക്കുമെന്നും ജെബി മേത്തര്‍ പറഞ്ഞു. 

അഡ്വ. ജെബി മേത്തറിനെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.

1980 ന് ശേഷം ആദ്യമായാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്. 

മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. 
 

Exit mobile version