Pravasimalayaly

കോവിഡ് വ്യാപനം കഴിഞ്ഞാലുടന്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

കോവിഡ് വ്യാപനം കഴിഞ്ഞാലുടന്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അമിത് ഷാ പറഞ്ഞു.രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും,സിഎഎ ഒരു യാഥാര്‍ഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ക്രമസമാധാന നില തകര്‍ത്ത് മമത ബാനര്‍ജി ബംഗാളിനെ കലാപ ഭൂമി ആക്കിയെന്നും അമിത് ഷാ സിലിഗുരിയില്‍ പറഞ്ഞു. ബംഗാളിലെ ജനം ഭരണകക്ഷിയുടെ ക്രൂരതകള്‍ അനുഭവിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. അഴിമതിയും തുടരുകയാണ്. ബിജെപി മിണ്ടാതെ ഇരിക്കുമെന്ന് ആരും കരുതരുത്. ബംഗാളിലെ മോശം ഭരണത്തിനെതിരെ ശക്തമായി പോരാടുമെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ സിഎഎ കാലഹരണപ്പെട്ടതാണെന്നും മോശം കാര്യങ്ങള്‍ മാത്രമാണ് ബിജെപി നേതാക്കള്‍ സംസ്ഥാനത്തെത്തുമ്പോള്‍ സംസാരിക്കുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറുപടി നല്‍കി. പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കില്ല. ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ബംഗാളിലെ ജനം തള്ളിക്കളഞ്ഞതാണെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു.

Exit mobile version