മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവിശ്വാസപ്രമേയത്തെ നേരിടാൻ മഹാവികാസ് അഘാടി സഖ്യം തീരുമാനിച്ചു. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവെക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവിൽ അംഗബലം എതിരാണെങ്കിലും കോടതിവഴി നിയമപരമായ പോരാട്ടം നടത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.
144ാണ് നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാൽ ഏക്നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ് പവാറും നോക്കുന്നത്. എന്നാൽ, അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമനടപടികൾക്ക് ബി.ജെ.പി ഒരുങ്ങി കഴിഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപടി.
അതേസമയം, നിലവിൽ ഒമ്പത് സ്വതന്ത്ര എം.എൽ.എമാർ അടക്കം ‘വിമത സേന’യുടെ എണ്ണം 49 ആയി. വിമത ഗ്രൂപ്പിലെ ശിവസേന എം.എൽ.എമാരുടെ എണ്ണം 40 ആണ്. ഇന്നലെ രണ്ട് ശിവസേന എം.എൽ.എമാർ കൂടി അസമിലെ ഗുവാഹത്തിയിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നു.
ഇതിന് പിന്നാലെ ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തു. 12 എം.എൽ.എമാർക്കെതിരെ പരാതികൊടുത്തു. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും തങ്ങൾക്കും നിയമം അറിയാമെന്നും ഷിൻഡെ ട്വീറ്റിൽ പറഞ്ഞു.