ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ ബിഹാറില്‍ രണ്ടു ട്രെയിനുകള്‍ കൂടി കത്തിച്ചു. സമസ്തിപൂരിലും ലക്കിസരായിയിലുമാണ് ട്രെയിനുകള്‍ കത്തിച്ചത്. രണ്ട് സ്റ്റേഷനുകളിലും നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും ആക്രമണമുണ്ടായി. പ്രതിഷേധക്കാര്‍ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ബിഹാറിന് പുറമെ ഉത്തര്‍പ്രദേശിലും വ്യാപക അക്രമം തുടരുകയാണ്. ബാലിയ സ്റ്റേഷനില്‍ ഒരു ട്രെയിന്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
അതേസമയം അഗ്‌നിപഥ് പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23ആക്കി ഉയർത്തി. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ഇളവ് ഒരു വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നത്. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന പ്രചാരണം തെറ്റാണ്. മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് അഗ്നിപഥ്. നാല് വർഷത്തേക്ക് മാത്രമായി പ്രതിവർഷം 46000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ നയത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിലും ഡൽഹിയിലും യു.പിയിലും അടക്കം പ്രതിഷേധം നടന്നിരുന്നു. കേരളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട നിസാമുദിൻ എക്‌സ്പ്രസ് ഗ്വാളിയാറിൽ വെച്ച് ആക്രമിക്കപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് തീവച്ചു. സരൻ ജില്ലയിൽ പാസഞ്ചർ ട്രെയ്‌നിന് തീയിട്ടു. ബിഹാറിലെ നവാഡയിൽ ബിജെപി എം.എൽ.എയുടെ വാഹനംതകർത്തു. 22 ട്രെയിനുകൾ റദ്ദാക്കി, 5 ട്രെയിനുകൾ നിർത്തിയിട്ടു. റെയിൽ പാളങ്ങളും റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു.