Pravasimalayaly

അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ, രാജ്യത്തെ അത്യപൂര്‍വ വിധി:വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും

അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേക കോടതിയുടെ അത്യപൂര്‍വ വിധി. പ്രത്യേക ജഡ്ജി എ.ആര്‍. പട്ടേലാണ് വിധി പറഞ്ഞത്. 2008 ജൂലൈ 26നായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്. കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നീ മലയാളികളും കേസില്‍ പ്രതികളാണ്. 49 പ്രതികളില്‍ നേരിട്ട് പങ്കുള്ളതില്‍ 38 പേര്‍ക്ക് തൂക്കുകയറും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്. മലയാളികളായ പ്രതികളുടെ ശിക്ഷയില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.

Exit mobile version