Pravasimalayaly

റഷ്യക്കെതിരെ നടപടി കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍; സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍,വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചു

യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ നടപടി കടുപ്പിച്ച് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍. റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനുമെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

പുടിന്റേയും ലാവ്റോവിന്റെയും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ആസ്തികളും സ്വത്തുവകകളുമെല്ലാം മരവിപ്പിക്കും. ഇരുവര്‍ക്കും യാത്രാനിരോധനവും ഏര്‍പ്പെടുത്തിയതായി രാജ്യങ്ങള്‍ അറിയിച്ചു. റഷ്യന്‍ വിമാനക്കമ്പനിയായ എയ്റോഫ്ലോട്ടിന് രാജ്യത്തിന്റെ വ്യോമപരിധിയില്‍ നിന്നും ബ്രിട്ടന്‍ കഴിഞ്ഞദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.

റഷ്യയുടെ നാലു പ്രധാന ബാങ്കുകള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയില്‍ നിന്നുള്ള സാങ്കേതികമേഖലയിലെ ഇറക്കുമതിയുടെ പകുതിയിലധികം വെട്ടിക്കുറച്ചു. വാതക മേഖലയിലെ ഭീമന്‍ കമ്പനി ഗാസ്പ്രോം ഉള്‍പ്പെടെ 12 കമ്പനികളെ പാശ്ചാത്യ സാമ്പത്തിക വിപണിയില്‍ നിന്നും മൂലധനം സ്വരൂപിക്കുന്നതില്‍ നിന്നും വിലക്കി. റഷ്യയിലേക്കുള്ള പ്രതിരോധ വ്യോമയാന സാങ്കേതികവിദ്യ കയറ്റുമതിക്കും നിയന്ത്രണങ്ങളുണ്ട്.

Exit mobile version