യുക്രൈന്‍ അധിനിവേശത്തില്‍ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖഴ്സണിന് സമീപമുള്ള തന്ത്രപ്രധാന തുറമുഖ നഗരമാണ് മാരിയുപോള്‍.
അതേസമയം ഖേഴ്സണ്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഖേഴ്സണ്‍ മേയര്‍ അറിയിച്ചു. കീവിലും ഖാര്‍ക്കിവിലും റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനില്‍ ഇതിനോടകം 227 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 525 പേര്‍ക്ക് പരുക്കേറ്റതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരശലക്ഷത്തിലധികം ആളുകളാണ് ഒരാഴ്ചക്കുള്ളില്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്.
ഇന്ധനം തീര്‍ന്നതിനാല്‍ കീവിന് സമീപം റഷ്യയുടെ സൈനിക വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടേക്ക് റഷ്യന്‍ അനുകൂലികളായ വിമതരുടെ നീക്കം നടക്കുന്നുണ്ട്. പലയിടത്തും റഷ്യന്‍ അനുകൂലികളും റഷ്യന്‍ വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.