Pravasimalayaly

കണ്‍സഷന്‍ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധം,ബസ് ചാര്‍ജ് വര്‍ധനവിന് എതിരെ എഐഎസ്എഫ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടേത് ഉള്‍പ്പെടെ ബസ് യാത്രാ നിരക്ക് കൂട്ടുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് എതിരെ എഐഎസ്എഫ്. കണ്‍സഷന്‍ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കലാണ്.
വിദ്യാര്‍ത്ഥി വിരുദ്ധമായ സമീപനത്തില്‍ നിന്നും മന്ത്രി പിന്നോട്ട്  പോണമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.

രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മിനിമം ചാര്‍ജ് 12 ആക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആറുരൂപയാക്കണമെന്നും ബസുടമുകള്‍ ആവശ്യപ്പൈട്ടിരുന്നു. ആവശ്യം അംഗീരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. എന്തായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നും മന്ത്രി പറഞ്ഞു.രണ്ട് രൂപ വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ഇപ്പോള്‍ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് കട്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Exit mobile version