Pravasimalayaly

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്നുമുതൽ

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണ്ണമായ സദ്ഭരണം കെട്ടിപ്പടുക്കുന്നതിന് വഴിയൊരുക്കുന്നതിനായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫിന്റെ ‘ഐശ്വര്യ കേരള യാത്ര’യ്ക്ക് ഇന്ന് മഞ്ചേശ്വരത്ത് തുടക്കമാവും.

‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടും.

മഞ്ചേശ്വരത്ത് വൈകിട്ട് മൂന്ന് മണിക്ക് ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യു.ടി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തിച്ചേരും . 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

Exit mobile version