
ജനുവരി 31 ന് കാസർഗോഡ് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയ്ക്ക് 23 ന് ശംഖുമുഖം ബീച്ചിൽ സമാപനമാകും. സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൽ നിന്നും നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവിനൊരുങ്ങി നേതാക്കളും പ്രവർത്തകരും ഒത്തൊരുമിച്ചതോടെ ആവേശകരമായ പ്രതികരണമാണ് ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിച്ചത്. എല്ലാ നിയോജക മണ്ഡലങ്ങളിലും സാന്നിധ്യം അറിയിച്ച ജാഥയിൽ ഉടനീളം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കുവാനും നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഊർജം നൽകുവാനും യാത്രയ്ക്ക് കഴിഞ്ഞു. പി എസ് സി നിയമന വിവാദം, വാളയാർ സംഭവം തുടങ്ങി ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട അഴിമതി ഉൾപ്പെടെ നിരവധി ആരോപണങ്ങൾ യാത്രയിലുടനീളം ഉന്നയിക്കുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. ഇവ വലിയ തോതിൽ ചർച്ചയുമായി.


മാണി സി കാപ്പൻ യു ഡി എഫിൽ എത്തിയതും മേജർ രവി, രമേശ് പിഷാരടി ഉൾപ്പെടെ സിനിമ താരങ്ങൾ യാത്രയിൽ പങ്കുചേർന്നതും അണികളിൽ ആവേശം നിറച്ചു.



ഓരോ ജില്ലകളിലും വാർത്ത സമ്മേളനം, പ്രധാന സാമുദായിക, മത മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച, ഉഭയ കക്ഷി ചർച്ചകൾ, പ്രകടന പത്രിക രൂപീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജാഥയോടൊപ്പം നടന്നു.

ഐശ്വര്യ കേരള യാത്ര യു ഡി എഫ് ക്യാമ്പിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഉടൻ തന്നെ മുന്നണി സീറ്റ് ചർച്ചകളിലേക്ക് കടക്കും