Pravasimalayaly

കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തെ ജപ്തി നടപടികള്‍ നിയമവിരുദ്ധം; നിയമ നടപടിക്കൊരുങ്ങി അജേഷ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്. കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തെ ജപ്തി നടപടികള്‍ നിയമവിരുദ്ധമാണെന്ന് അജേഷ് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് കുട്ടികള്‍ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കുട്ടികളെ കേള്‍ക്കാതെ അവരെ പുറത്താക്കിയാണ് ജപ്തി നടന്നതെന്ന് അജേഷ് പറഞ്ഞു. അജേഷ് ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.

തന്റെ കടബാധിത തീര്‍ക്കാന്‍ സന്നദ്ധനായ എം എല്‍ എ മാത്യു കുഴല്‍നാടന് അജേഷ് നന്ദി അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ വായ്പാ കുടിശിക അടച്ച് തീര്‍ത്തത് ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്ന് അജേഷ് പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസമാണ് തിരിച്ചടച്ചത്. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടച്ചത്. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്.

എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പിന്നീട് വിശദീകരിച്ചത്. ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള രൂപ താന്‍ അടയ്ക്കാമെന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്.

Exit mobile version