നെടുംകുന്നം റൂറൽ ഹൗസിംഗ് സഹകരണസംഘവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും സംഘം സെക്രട്ടറിയുമായ എൻ അജിത് മുതിരമല
സംഘത്തിനുള്ള കടബാധ്യതകൾ തീർക്കുന്നതിനായി സംഘത്തിൻ്റെ സ്ഥലവും കെട്ടിടവും വിൽക്കുന്നതിന് 10/7/ 2010 ൽ ചേർന്ന സംഘം പൊതുയോഗം തീരുമാനിച്ചിരുന്നതാണ്. 2012-13 ആഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘത്തിന് 3.0915339 കോടി രൂപ അഡ്വാൻസ് തിരിച്ചുവരുവാനുണ്ട്. ഹൗസിംഗ് ഫെഡറേഷനിൽ സംഘത്തിൻ്റെ വായ്പാബാക്കി നിൽപ്പ് 2.1193801 കോടി രൂപയും സംഘത്തിൻറെ അറ്റനഷ്ടം 1.0037797 കോടി രൂപയും ആയിരുന്നു. സംഘത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഫലമായി 2016-17 ആഡിറ്റ് റിപ്പോർട്ട് പ്രകാരം ഹൗസിംഗ് ഫെഡറേഷനിൽ സംഘത്തിൻ്റെ വായ്പ ബാക്കി നിൽപ്പ് 5.97327 ലക്ഷം രൂപയായി കുറയ്ക്കുവാൻ സാധിച്ചു. 35 വായ്പക്കാരുടെ ആധാരങ്ങൾ വായ്പ അടച്ചു തീർത്ത് ഫെഡറേഷനിൽ നിന്നും വാങ്ങി നൽകി. സംഘം സെക്രട്ടറിയും ഭരണസമിതിയും ബഹു: കേരള ഹൈകോടതിയിൽ നൽകിയ WP(c)No.26230/19 ഹർജി തള്ളി എന്നു പറയുന്നത് ശരിയല്ല. ഹർജിക്കാർക്ക് പറയുവാനുള്ള വസ്തുതകളും നിയമവശവും വിശദമായി പരിശോധിച്ച് തീരുമാനം എടുക്കുവാനാണ് ബഹു: ഹൈക്കോടതി ഉത്തരവിട്ടത്. 2019- ൽ സംഘം ഭരണസമിതി പിരിച്ചുവിട്ട ജോയിൻ്റ് രജിസ്ട്രാറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളതും ഭരണസമിതി തുടർന്നും പ്രവർത്തിച്ചുവരുന്നതുമണ്.
ഇപ്പോൾ സെക്രട്ടറിക്കും ഭരണ സമിതി അംഗങ്ങൾക്കും ജോയിൻ്റ് രജിസ്ട്രാറിൽ നിന്നും ലഭിച്ച നോട്ടീസിൽ പറയുന്ന തുക – വായ്പ തിരിച്ചടക്കാത്തത്, ചിട്ടികളുടെ കുടിശ്ശിക, ദിവസ വേതനക്കാരുടെ ശമ്പളം, ഡെയിലി വായ്പ തിരിച്ചടയ്ക്കാത്തത്, അവയുടെ പലിശ തുടങ്ങിയവയാണ് . രണ്ടു വർഷമായി കോവിഡ് സാഹചര്യത്തിൽ മുടങ്ങി കിടന്ന കുടിശ്ശിക പിരിവ് ഇപ്പോൾ ഊർജിതമായി നടന്നുവരികയാണ്. ഇപ്രകാരം സംഘത്തിലേക്ക് ലഭിക്കുന്ന തുകകൾ ജോയിൻ്റ് രജിസ്ട്രാറെ ബോധ്യപ്പെടുത്തി ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറിക്കും ലഭിച്ച നോട്ടീസിൽ പറയുന്ന ബാധ്യതയിൽ നിന്നും ഒഴിവാക്കുന്നതാണ് .
എന്നാൽ സഹകരണ സംഘം മുൻ ഭരണസമിതി അംഗവും ഇപ്പോൾ കേരളാ കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം നെടുംകുന്നം മണ്ഡലം പ്രസിഡൻ്റുമായ റെജി പോത്തൻ്റെ നേതൃത്വത്തിൽ രാഷ്ട്രിയ പ്രേരിതമായ നീക്കമാണ് സംഘത്തിനെതിരെ നടക്കുന്നത്.കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ഞാൻ പി.ജെ.ജോസഫും, സി.എഫ്.തോമസും നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിനൊപ്പം ചേർന്ന് UDF ൽ നിൽക്കുന്നതിന്റെ പകവീട്ടലാണ് ഇപ്പോൾ നടക്കുന്നതെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും സംഘം സെക്രട്ടറിയും ആയ അജിത്ത് മുതിരമല പറഞ്ഞു.
ഈ കാര്യത്തിൽ റെജി പോത്തൻ ഉൾപ്പെടുന്ന അംഗങ്ങളും ചേർന്ന് സംഘത്തിന് വന്നിരിക്കുന്ന നഷ്ടം തിരിച്ചടക്കണം എന്നാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നതെന്നിരിക്കെ എന്റെ പേരിൽ മാത്രമായി വന്നിരിക്കുന്ന പത്രവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിൽ ജില്ലയിലെ നിരവധിയായ സഹകരണ സംഘങ്ങൾക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഒന്നും വാർത്തയാവത്ത സഹചര്യത്തിൽ ഈ സംഘത്തിലെ അംഗങ്ങളുടെ ഇടയിൽ ഭീതിയുണ്ടാക്കി സംഘത്തിന്റെ ഡിപ്പോസിറ്റ് പിൻവലിപ്പിച്ച് പ്രവർത്തനം തടസപ്പെടുത്തി സംഘം ഭരണം പടിച്ചടക്കുവാനുള്ള രാഷ്ട്രിയ ലക്ഷ്യവും ഈ ആരോപണത്തിന്റെ പിന്നിലുണ്ടെന്നും അജിത് മുതിരമല കൂട്ടിച്ചേർത്തു.