Pravasimalayaly

ഡല്‍ഹിയില്‍ എത്താന്‍ ആന്റണിക്കു നിര്‍ദേശം; രാജസ്ഥാന്‍ റിപ്പോര്‍ട്ട് ഉടന്‍, സച്ചിന്‍ പൈലറ്റ് തലസ്ഥാനത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായാണ് ആന്റണിയെ വിളിപ്പിച്ചത് എന്നാണ് സൂചന. അതിനിടെ രാജസ്ഥാനില്‍നിന്നുള്ള നേതാവ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തി.

രാജസ്ഥാന്‍ മുഖ്യമന്ത്രിപദം വിടാന്‍ മടിക്കുന്ന അശോക് ഗെലോട്ടിനെ സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന ധാരണയില്‍ നേതൃത്വം എത്തിയിട്ടുണ്ടെന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കളുടെ പേരുകള്‍ പകരമായി പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണിയുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തും. 

രാജസ്ഥാനില്‍ ഗെലോട്ട് പക്ഷം എംഎല്‍എമാര്‍ ഉയര്‍ത്തിയ കലാപത്തില്‍ കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനും ഖാര്‍ഗെയും ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. എംഎല്‍എമാര്‍ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് ഇവര്‍ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് എഴുതി നല്‍കാനാണ് സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനിടെയാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത്.

സച്ചിന്റെ പൈലറ്റിന്റെ ഡല്‍ഹി പരിപാടികള്‍ എന്തൊക്കെയെന്നു വ്യക്തമല്ല. ആരെയെല്ലാം കാണും എന്നതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ കൊച്ചിയില്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Exit mobile version